ഇരുട്ടിന്റെ മറപറ്റി നടക്കുമ്പോള്‍, ആരും തന്നെ കാണരുതേ എന്ന് മാധവന്‍ നായര്‍ മനസ്സുരുകി പ്രാര്‍ഥിച്ചു. ഓത്തുപള്ളിയുടെ മൂലയിലെ ബള്‍ബ് കഴിഞ്ഞാല്‍ വലത്തോട്ടുള്ള ഇടവഴിയില്‍ എവിടെയും പ്രകാശം കാണില്ല, പിന്നെ ഒരു നൂറു നൂറ്റമ്പത് വാര നടന്നാല്‍ നാണുവേട്ടന്റെ വീടെത്തി, “ദൈവം നാണു” ഒന്ന് തിരി ഉഴിഞ്ഞാല്‍ പിന്നെ എല്ലാം ശുഭമായി നടക്കും എന്നത് നാട്ടിലെ അനുഭവം.
ആരാപ്പത്?
ഞാനാ, മാധവന്‍
ആര്, മാധവന്‍ നായരോ! ഇങ്ങട് കേറിക്കോളൂ, എന്താപ്പോ ഈ വഴിയൊക്കെ, അമ്മക്കെങ്ങനെ ഉണ്ട്?
ഒന്നും പറയണ്ട നാണ്വെട്ടാ, തീരെ വയ്യ, അങ്ങടാ ഇങ്ങടാച്ച് എത്ര ദിവസായി, തീരെ വയ്യാണ്ടായിരിക്ക്ണു, പക്ഷെ ഭയങ്കര പേട്യാ, എന്നും നെലോളീം കരച്ചിലും. കരയണോര്‍ക്ക് വെര്‍തെ കെടന്ന് കരഞ്ഞാ മതി, ജോലീം കൂലീം വിട്ട് കൂടെ ഇരിക്ക്ണോര്‍ടെ ദണ്ണൊന്നും ഓര്ക്കറിയണ്ടല്ലോ, പിന്നെപ്പോ പ്രായം കൊറേ ആയില്ലേ, ആവണവിധൊക്കെ നോക്ക്ന്ന്ണ്ട്, ന്നാലും ഇപ്പൊ എടക്കൊരു വെറേം ശ്വാസം മുട്ടലും ഒക്കെ.
മതിയായിട്ടിണ്ടാവില്ലടോ, അതാണ് ഈ പേടിയൊക്കെ, കൂടെള്ളോരൊക്കെ പോവുമ്പോ ആധി കൂടും, തെക്കേലെ നാണിത്തള്ള മരിച്ചതിന്‍റെ അന്ന് രാത്രിയല്ലേ അമ്മ കൊഴഞ്ഞു വീണതും മെഡിക്കല്‍ കോളേജില്‍ കൊണ്ടോയതൊക്കെ!
അവടെ എല്ലാരും പലേ വര്‍ത്താനത്തിലാ, ഞാനല്ലേ ഉള്ളൂ നാട്ടില്, ബാക്കി എല്ലാരും ദൂരത്തല്ലേ, ഇപ്പൊത്തന്നെ ഒരാഴ്ചയായി ഇതിപ്പോ ഇങ്ങനെ കെടന്ന് ബുദ്ധിമുട്ടുന്നതിലും നല്ലത്.....
താനെന്താ ഈ പറയണത് നായരേ, ഇതിനൊക്കെ ഒരു ശാസ്ത്രോം നീതീം ഒക്കെ ണ്ട്, ഈ പാലം കേറാന്‍ പേടിക്കണ കുട്ട്യാളെ കൈ പിടിച്ച് കടത്ത്ണില്ലേ, അതേ പോലെ ഒരു ധൈര്യം കൊടുക്കലാണ് ഈ തിരി ഉഴിയലും. അതിന് ചെലേ ലക്ഷണൊക്കെ ണ്ട്, കണ്ണില് നോക്ക്യാ കാണും. നാലീസം മുമ്പല്ലേ ഞാനവടെ വന്നത്! ഇതിപ്പോ അങ്ങനൊന്നും ഇല്ല നിങ്ങളൊന്നു കാടാമ്പുഴേ പോയി അമ്മക്ക് ഒരു ദേഹമുട്ട് കഴിക്ക്, നമ്മടമ്പലത്തില് ഭഗവതിക്ക് ഒരു പുഷ്പാഞ്ഞലീം നെയ്വിളക്കും കൂടി ആവാം, ഒക്കെ ശരിയാകും.
ഇന്നലെ മുതല്‍ വളരെ കൂടുതലാണ്, ഇതിഞ്ഞിപ്പോ അതിലൊന്നും തീരില്ല, ഇങ്ങളൊന്നു വന്നു തിരി ഉഴിഞ്ഞാല്‍.....
അങ്ങനെപ്പോ നിര്ബന്ധിച്ച് വിടാന്‍ പറ്റോ, അനുഭവിക്കാന്‍ യോഗള്ളതൊക്കെ അനുഭവിച്ചല്ലേ പറ്റൂ !
വയ്യ നാണ്വെട്ടാ, ഇനീം അമ്മങ്ങനെ കെടന്ന് കഷ്ടപ്പെടണത് കാണാന്‍ വയ്യ, ഇങ്ങനെ കെടത്യാ ദൈവം കൂടി പൊറുക്കൂല, പറ്റ്വെങ്കില് വന്നാ
നന്നായിരുന്നു.
ഏതായാലും, ഈ രാത്രി
ഇനി വേണ്ട, നാളെ രാവിലെ ആകട്ടെ, ഞാനതുവരെ ഒന്ന് വന്നു നോക്കാം, പോവുമ്പോ കടേന്ന്
ഒരു കെട്ടു വെറ്റിലേം ഒരു ചുറ്റ് പോകലേം നാല് അടക്കേം വാങ്ങിക്കോളൂ
---------------------------------------------- *************
-------------------------------------------------
മരിച്ച വീട്ടില്‍ക്കായിരിക്കും
അല്ലെ നാണ്വെട്ടാ? സുരേന്ദ്രനാണ്
മരിക്കേ? ആര്?
അപ്പൊ ഇങ്ങളൊന്നും
അറിഞ്ഞിലെ, മ്മളെ നടുത്തളത്തിലെ....
ഈശ്വരാ,
സരസ്വതിയമ്മ്യോ?
അല്ല, മകന്‍, മ്മളെ
മാധവേട്ടന്‍, ഇന്നലെ രാത്രി വീട്ടില് വന്നപ്പോ ആകെ ഒരു വെപ്പ്രാളം, അറ്റാക്കാന്നാ
സംസാരം, എന്തോ കണ്ടു പേടിച്ചതാന്നും പറയുന്നുണ്ട്. എന്തായാലും കൊറേ ദിവസായി
സരസ്വതിയമ്മേന്‍റെ വയ്യായീന്‍റെ പിന്നാലെ ഓടി നടക്കായിരുന്നില്ലേ, ഇപ്പൊ ദാ ആ തള്ള
ണീട്ടിര്ന്ന് കരയുന്നു, എന്താപ്പോ പറയാ, അനുഭവിക്കാന്‍ യോഗള്ളതൊക്കെ അനുഭവിച്ചല്ലേ പറ്റൂ !
ശരിയാണ്, അനുഭവിക്കാന്‍ യോഗള്ളതൊക്കെ അനുഭവിച്ചല്ലേ പറ്റൂ, നാണു നടുത്തളത്തിലേക്ക് നീട്ടി വലിച്ച് നടന്നു, മടിശ്ശീലയില്‍ അപ്പോഴും ഭദ്രമായി രണ്ട് തിരികളുണ്ടായിരുന്നു.