Thursday, 27 December 2012

വൈരുദ്ധ്യം!

മനസ്സും ശരീരവും ഒരു പോലെ മുറിഞ്ഞ് അവശയായി ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ വര്‍ഷങ്ങളായി ധരിച്ചു വരുന്ന ബുര്‍ഖയോട് അമര്‍ഷം തോന്നി.

എല്ലാം മറച്ചു പിടിച്ച് മറ്റുള്ളവരില്‍ ആകാംഷ ജനിപ്പിച്ചതിന്!

Wednesday, 26 December 2012

കാഴ്ച്ചപ്പാട് ..

"നമ്മള്‍ രണ്ടാളും ചോര കുടിക്കുന്നു, എന്നിട്ടും എന്നെ മാത്രമെന്താ ആളുകള്‍ ദ്രോഹിക്കുന്നത്? "

കൊതുക് അട്ടയോടു ചോദിച്ചു

" നീ ഒരു കള്ളനാണ്, ഞാന്‍ രാഷ്ട്രീയക്കാരനും ! "

Tuesday, 25 December 2012

ഊഴം..

അറവുശാലയിലെ കൂട്ടിലിരുന്നു ചക്കിക്കോഴി കൂട്ട്കാരിയെ ഉപദേശിച്ചു

" മൂക്ക് മുട്ടെ തിന്നു തടിച്ചു കൊഴുത്താല്‍ എപ്പോ വേണമെങ്കിലും അന്നെ പിടിച്ചറക്കും, ഇന്നെ കണ്ടില്ലേ, ഇന്നെ ആര്‍ക്കും വേണ്ട!"

" വീരാക്കാ, ഒരു ചെറ്യേ കോഴീനെ തന്നാണീ " ബൈക്കില്‍  വന്ന യുവാവ് ചോദിച്ച ചോദ്യത്തില്‍ ചക്കിക്കൊഴി നടുങ്ങിയപ്പോള്‍ കൂട്ടുകാരി ആശ്വസിപ്പിച്ചു,

 "മ്മളൊക്കെ ഒരു കെട്ടിലെ ബീഡി മാര്യാണ്,ഒരു കെട്ടിന്ന് ആദ്യൊക്കെ തിരഞ്ഞെടുത്തു വലിക്കും പക്ഷെ  എല്ലാരും  ഒന്നുപോലും കളയാതെ വലിച്ചു തീര്‍ക്കും " 

ഒളിച്ചോട്ടം

ആരൊക്കെയാണ് ഹോം വര്‍ക്ക് ചെയ്യാത്തത്?

കയ്യ് പൊന്തിച്ച അഞ്ചു പേരോടുമായി കെമിസ്ട്രി സര്‍ വെറുപ്പോടെ പറഞ്ഞു

 " ഗെറ്റ് ഔട്ട്‌ ആന്‍ഡ്‌ ഗെറ്റ് ലോസ്റ്റ് "

ഉള്ളിലൊളിപ്പിച്ച ചിരിയുമായി പുറത്തേക്കിറങ്ങുമ്പോള്‍ രാഹുലിന്റെ കയ്യില്‍ തലേ ദിവസം അമ്മ നിര്‍ബന്ധിച്ച് ഹോം വര്‍ക്ക് ചെയ്യിച്ച പുസ്തകവും ഉണ്ടായിരുന്നു.

Monday, 24 December 2012

ദൈവത്തിന്‍റെ വികൃതികള്‍ !

ഇന്നും ഓഫീസിലേക്ക് മോര് കറിയാണ് കൊടുത്തയച്ചത്‌, എത്ര പറഞ്ഞാലും മനസ്സിലാകില്ല, ഇന്ന് ഒന്ന് പൊട്ടിച്ചിട്ട് തന്നെ കാര്യം!

സ്കൂട്ടറിന്റെ ആക്സിലരേട്ടരില്‍ കൈ ഞെരിയുമ്പോള്‍ മനസ്സില്‍ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കവിളില്‍ കൈ വച്ച് കരയുന്ന മുഖം.

ആശുപത്രിക്കിടക്കയില്‍ ദൈവം തിരിച്ചു തന്ന ജീവനുമായി കിടക്കുമ്പോള്‍ മുന്‍പില്‍ അവള്‍ അതുപോലെ ഇരുന്നു കരയുന്നുണ്ടായിരുന്നു. ഒന്ന് തഴുകി ആശ്വസിപ്പിക്കാന്‍ ഒരു കയ്യെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം  ആശിച്ചു പോയി!

Monday, 17 December 2012

അനുരാഗത്തിന്‍റെ മണം!


വേനല്‍ ചൂടിലും അവളോട്‌ ഒട്ടിക്കിടന്ന് ഞാന്‍ ചോദിച്ചു , എന്താ നിന്നെ ഒരു നല്ല മണം?

അവള്‍ ഒന്ന് ചിരിച്ചു, പിന്നെ എന്റെ കണ്ണിലേക്കു നോക്കി കുസൃതിയോടെ പറഞ്ഞു

അത് നിന്‍റെ തന്നെ  മണമാണ്,എന്നോടുള്ള അനുരാഗത്തിന്‍റെ മണം!