Tuesday 8 January 2013

വിലക്കുകളുടെ കള്ളത്താക്കോല്‍


e മഷി പുതുവത്സരപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

"ഹാപ്പി ബര്‍ത്ത് ഡേ വിഷ്ണു ! "

    അനുവാണ് ഫോണില്‍ , അല്ലെങ്കിലും കുറെ കാലമായി എല്ലാ വര്‍ഷവും തന്നെ വിളിച്ച് മറക്കാതെ ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നത് അവളാണല്ലോ. പക്ഷെ അത് അവള്‍ നന്നായി മുതലെടുക്കാറുമുണ്ട്, ഇന്നത്തെ അവളുടെ ഷോപ്പിംഗ്‌ ,കറക്കം തീറ്റയടക്കം എല്ലാം തന്‍റെ ചിലവിലായിരിക്കും. പക്ഷെ അവസാനം എന്തെങ്കിലുമൊക്കെ ഒരു സമ്മാനം, അത് ഉറപ്പാണ്, എത്ര ചെറുതാണെങ്കിലും!

താങ്ക്സ് അനു, അപ്പൊ വൈകീട്ടെന്താ പരിപാടി?

     ഒന്നുമില്ല മോനെ, ഇന്ന് എല്ലാം എന്‍റെ വകയാണ്, മറന്നോ, ഇപ്പൊ ഞാനും ഏര്‍നിംഗ് മെമ്പര്‍ ആണ്, അപ്പൊ ഇന്നത്തെ നിന്‍റെ പിറന്നാള്‍ നമ്മള്‍ പൊടിപൊടിക്കുന്നു, നീ ഒരു കാര്യം ചെയ്യ്‌, ഒരു ആറര മണിയാവുമ്പോള്‍ എന്‍റെ പാര്‍ലറിന്റെ മുന്‍പില്‍ വരണം, ഓക്കേ?

ഓക്കേ!

    ദൈവമേ, ഇനി ഇന്ന്‍ എന്ത് കുരിശാണാവോ ഈ പെണ്ണിന്‍റെ വക! കഴിഞ്ഞപ്രാവശ്യം സിനിമക്ക് പോയപ്പോള്‍ പുറകിലിരുന്നു താന്തോന്നിത്തരം കാണിച്ച ചെറുക്കന്റെ തന്തക്കു വിളിച്ചതാണ് , ഒറ്റ മോളായതിന്റെ അഹങ്കാരം കുറെ അധികമില്ലേ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോയിട്ടുണ്ട്, പക്ഷെ ഉള്ളിന്റെ ഉള്ളില്‍ സ്നേഹിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ,

    വീടു വിട്ട് ഈ നഗരത്തില്‍ വന്നു കയറിയപ്പോള്‍ ആകെ ഒരു ആശ്വാസം ഏക സുഹൃത്തായിരുന്ന അവളായിരുന്നു, അച്ഛന്റെ ഉറ്റ സുഹൃത്ത് കോശി അങ്കിളിന്റെ മകള്‍ . അവിടെ വീട്ടില്‍ നില്‍ക്കാമെന്നും അവിടെ നിന്ന് തന്നെ ജോലിക്ക് പോകാമെന്നും ആന്റിയും അങ്കിളും നിര്‍ബന്ധം പിടിച്ചെങ്കിലും താന്‍ സ്നേഹപൂര്‍വ്വം നിരസിച്ചതാണ്. കാരണം മറ്റൊന്നുമല്ല, അവര്‍ നോണ്‍ വെജ് സ്ഥിരമായി ഉണ്ടാക്കുന്നതും കഴിക്കുന്നതുമാണ്, താനാകട്ടെ ശുദ്ധ ബ്രാഹ്മണന്‍, അപ്പോള്‍ തനിക്കായി പ്രത്യേകം ഭക്ഷണം ഒക്കെ ഉണ്ടാക്കുക എന്നത് ആന്റിക്കൊരു ബുദ്ധിമുട്ടായിത്തീരും!

    പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒന്ന് മാറിയാലോ എന്ന്, അച്ഛന്‍ ചിലപ്പോള്‍ ഒന്നും പറയില്ലായിരിക്കാം, പക്ഷെ അമ്മയും അമ്മമ്മയും തനി നാട്ടിന്‍ പുറത്തുകാരാണ്, അവര്‍ക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ല, ഒരു ദ്ദൂര യാത്ര കഴിഞ്ഞു വന്നാല്‍ പോലും കുളിക്കാതെ മനക്കുള്ളിലേക്ക് അമ്മമ്മ കേറ്റില്ല! മാത്രമല്ല ഇതൊക്കെ തനിക്ക് ഇഷ്ടപ്പെടുമോ എന്നും അറിയില്ല!

    അനു തന്നെ തന്‍റെ ഏറ്റവും നല്ല സുഹൃത്തായിട്ടാണ് കാണുന്നത്, ഒരു ചേട്ടന്‍ ഇല്ലാത്തതിന്‍റെ കുറവും അവള്‍ക്കു തോന്നുന്നുണ്ടാവണം. പക്ഷെ ആദ്യമൊക്കെ ഈ പെരെടുത്തുള്ള വിളി തനിക്കു തീരെ ബോധിച്ചിരുന്നിരുന്നില്ല, ഒന്നുമില്ലെങ്കിലും മൂന്നാല് വയസ്സിന്‍റെ വ്യത്യാസമില്ലേ! പക്ഷെ പിന്നീട് അതൊരു ശീലമായി.

      നഗരത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മുക്കി മൂളി ബസ്‌ അവിടെ എത്തിയപ്പോള്‍ ആറര മണി കഴിഞ്ഞിരുന്നു. അക്ഷമയായി ബ്യുട്ടി പാര്‍ലറിനു മുന്നില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അവള്‍ !

നിനക്കൊരു ബൈക്ക് വാങ്ങിക്കൂടെ? കുറ്റപ്പെടുത്തലിന് ഒരു ശാസനയുടെ സ്വരം!

    അവളുടെ സ്കൂട്ടിയുടെ പുറകിലിരുന്നു നഗരത്തിരക്കിലൂടെ പറക്കുമ്പോള്‍ ഒരു സങ്കോജം തോന്നാതിരുന്നില്ല, പെട്ടന്ന് താന്‍ ചെറുതായതുപോലെ!, ചുറ്റുപാടും നിന്നുള്ള ഓരോ നോട്ടവും ഒരു കളിയാക്കല്‍ പോലെ!

അല്ല എങ്ങോട്ടാണീ യാത്ര?

      ഇന്ന് ഞാന്‍ നിനക്ക് ഒരു പുതിയ ജീവിതം തരും, ഒരു പുതിയ ലോകത്തിലേക്കുള്ള ഒരു ജാലകം! ഇപ്പൊ ഇത്ര മാത്രമറിഞ്ഞാല്‍ മതി, ബാക്കി നേരില്‍ !

    "ചൈനീസ്‌ ഗാര്‍ഡന്‍ " ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തില്‍ എഴുതി വച്ചിരിക്കുന്ന ഒരു ബോര്‍ഡിനു താഴെ അനു വണ്ടി പാര്‍ക്ക് ചെയ്തു രണ്ടു ചൈനീസ് യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോട് കൂടിയുള്ള രണ്ടു പ്രതിമകള്‍ വാതിലിന്ന് ഇരു വശവും നിന്നിരുന്നു. ഉള്ളിലേക്ക് കടന്നതും ആനയിച്ചിരുത്താന്‍ രണ്ടു സുന്ദരികള്‍ ! കിമോണോകളും മേക്കപ്പും ധരിച്ച അവരെ കണ്ടപ്പോള്‍ താന്‍ ഒരു നിമിഷം ചൈനയിലെത്തിയോ എന്ന് സംശയം തോന്നിപ്പോയി, ഉള്ളില്‍ ആകെ ഒരു അരണ്ട വെളിച്ചം മാത്രം, ചുവപ്പിന്റെ അതിപ്രസരം നിറഞ്ഞു കാണുന്നു, കാഷ് കൌണ്ടറിന്‍റെ മുകളില്‍ ഒരു കുബേരന്റെ പ്രതിമ വച്ചിരിക്കുന്നു, അതിനു പുറകില്‍ ചൈനീസ്‌ മീശയും വസ്ത്രധാരണവുമായി ഒരാള്‍ മെല്ലെ തലകുനിച്ചു വണങ്ങി!

    ടേബിളില്‍ രണ്ട് മെനു കാര്‍ഡുകള്‍ ഉണ്ടായിരുന്നു, ചുവപ്പ് കാര്‍ഡിന്റെ പുറത്ത് " നോണ്‍ വെജിറ്റെരിയന്‍ എന്നും, പച്ചക്ക് മുകളില്‍ വെജിറ്റേറിയന്‍ എന്നും എഴുതിയിരുന്നു.

പച്ചയെടുത്ത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യത്തെ പേര് തന്നെ ഞെട്ടിച്ചു

" ഫ്രൈഡ്  സ്പൈസി ബീഫ് ( 香辣素牛肉)"

    ഏയ്‌, എന്തോ പിശക് പറ്റിയുട്ടുണ്ട്, ഒന്ന് കൂടി കാര്‍ഡ്‌ മറിച്ചു നോക്കി, ശരി തന്നെ, വെജിറ്റേറിയന്‍ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഒന്ന് കൂടി കണ്ണോടിച്ചു നോക്കി

ചില പേരുകള്‍ എടുത്തു നില്‍ക്കുന്നു!

" ക്രിസ്പി റോസ്റ്റ് ഡക്ക്  ( 脆皮烧鸭 )"

" ലോജിയാന്ഗ് ഫ്രൈഡ് ഡക്ക്  (罗江豆鸭)"

" ഫ്രൈഡ് ക്രാബ് മീറ്റ്‌ ( 炒素蟹粉) "

അനു ഒരു പരീക്ഷക്കെന്ന പോലെ മെനുവില്‍ മുഴുകിയിരിക്കുകയാണ്

അനൂ, ഇത് നോക്ക്, ഈ വെജ് കാര്‍ഡിലെ ഓരോ ഡിഷസ്!

ഐ തിങ്ക്‌ ദേ ഹാവ് പ്രിന്റെഡ്‌ ഇറ്റ്‌ റോങ്ങ്‌ !കാന്‍ ഐ ഹാവ് യുവേര്‍സ്?

ആ കാര്‍ഡിലും അതെ ഡിഷുകള്‍ അതെ ഓര്‍ഡരില്‍ എഴുതിയിരിക്കുന്നു!

    അനുവിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ ഒരു പൊട്ടിച്ചിരി ഒളിപ്പിച്ചു വെച്ച പോലെ തോന്നി, രണ്ടു വട്ടം എന്താ എന്നുള്ള അര്‍ത്ഥത്തില്‍ പുരികം ഉയര്‍ത്തി കാണിച്ചു

    സത്യത്തില്‍ ദേഷ്യമാണ് വന്നത്, ഇത് ശരിക്കും തോന്നിവാസം തന്നെ, ഇനി ഈ മനസ്സിലാകാത്ത പേരുകള്‍ എന്താണാവോ, വല്ല പട്ടിയോ, പല്ലിയോ പൊരിച്ചതായ്ക്കൂടായ്കയില്ല!

ഉടനെതന്നെ വെയ്റ്ററെ വിളിച്ചു

പിന്നെയും ഒരു ചൈനീസ്‌ വേഷക്കാരന്‍ വിനയത്തോടെ വന്നു നിന്നു

" ഐ അം എ പ്യുര്‍ വെജിറ്റേറിയന്‍ , വാട്ട്‌ ഓള്‍ കാന്‍ ഐ ഹാവ് ഫ്രം ദിസ്‌?"

മേശപ്പുറത്തു നിന്നും പച്ച കാര്‍ഡ്‌ വീണ്ടും എടുത്തു തന്നു കൊണ്ട് ഒരു ചെറു മന്ദസ്മിതത്തോടെ പച്ചമലയാളത്തില്‍ അയാള്‍ പറഞ്ഞു

" ഇതില്‍ നിന്നും എന്തും ഓര്‍ഡര്‍ ചെയ്യാം സര്‍ , ഇതെല്ലാം വെജിറ്റേറിയന്‍ തന്നെ"

ഇത്തവണ ദേഷ്യം പുറത്തേക്ക് വന്നു,

 "പശു വെജിറ്റേറിയന്‍ ആണെന്ന് എനിക്കും അറിയാം എന്ന് വെച്ച് അതിനെ കൊന്ന് കറിവെച്ചാല്‍ അത് വെജിറ്റേറിയന്‍ ആകുമോ?"

ചോദ്യം കേട്ട് ഉറക്കെ ചിരിച്ചത് അനുവായിരുന്നു!

സൊ ഡിയര്‍ , ഹൌ വാസ് ദി സര്‍പ്രൈസ്?

സര്‍പ്രൈസ്, തേങ്ങാക്കുല, ഐ ഡോണ്ട് ഫൈന്‍ട് ദിസ്‌ ഫണ്ണി!

    അടങ്ങ് മാഷേ, അയാള്‍ പറഞ്ഞതാണ് സത്യം, അതെല്ലാം വെജ് ആണ്, ശരിക്കും വെജ് പക്ഷെ ഇറ്റ്‌ ലൂക്സ് ആന്‍ഡ്‌  ടേസ്റ്റ്സ് ലൈക്‌ ഇട്സ് നെയിം!


    അതാണ്‌ മോനെ ചൈന, എന്തും കിട്ടും, കോഴിയിലാതെ മുട്ടയും, ചെടിയിലാതെ കായയും, എന്തിനേറെ പറയുന്നു നിന്നെത്തന്നെ വേറെ ഒന്ന് വേണം എന്ന് പറഞ്ഞാല്‍ ചൈനക്കാരുണ്ടാക്കിത്തരും, ദാറ്റ്‌ ടൂ, മച്ച് ചീപ്പര്‍ ! 


    ഞെട്ടലില്‍ നിന്നും മോചനം കിട്ടുന്നതിനു മുന്‍പേ അനു ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞിരുന്നു. എല്ലാം വെജ് ഡിഷസ്!

  ഓര്‍ഡര്‍ വരുന്നത് വരെ അവള്‍ ഇടക്കിടക്കായി എന്റെ മുഖം നോക്കി ചിരിയടക്കികൊണ്ടിരുന്നു.

     അങ്ങനെ കുറച്ചു സമയത്തില്‍ ഫ്രൈഡ് റൈസും, ക്രിസ്പി റോസ്റ്റ് ഡക്കും, ഫ്രൈഡ് സ്പൈസി ബീഫും, സെവെന്‍ കളര്‍ ഷിടകെ മഷ്രൂംസും ഞങ്ങളുടെ ടേബിള്‍ കീഴടക്കി!

  അനു തന്നെയാണ് വിളമ്പിയത്, മഷ്രൂം കഴിച്ചെങ്കിലും മറ്റു രണ്ടിലും തൊടാന്‍ മനസ്സനുവദിച്ചില്ല!

കം ഓണ്‍ മാന്‍ , ട്രൈ ഇറ്റ്‌ !

   അറച്ചറച്ച് ഒരു ചെറിയ കഷ്ണം വായിലാക്കി മെല്ലെ രുചിച്ചു, രുചിയുടെ പുതിയോരനുഭൂതി നാവിലൂടെ ഓടി, രസമുകുളങ്ങളെ തലോടി, പിന്നെ മടിച്ചു നിന്നില്ല! 

പുതുമഴ കൊണ്ട മണ്ണിന്‍റെ അനുഭവം സിരകളിലുടനീളം!

   ചൈനയ്ക്കു നന്ദി പറഞ്ഞു കൊണ്ട് അവസാന കഷ്ണവും വായിലാക്കുമ്പോള്‍  വിഷ്ണു ആകെ വിയര്ത്തിരുന്നു, ആ വിയര്‍പ്പിലൊട്ടിയ പൂണൂല്‍ അവന്റെ ദേഹത്ത് പതിഞ്ഞു കിടന്നു!


   ആകലെ ഒരു ദേശത്ത് ഒരു വീടിന്‍റെ തിണ്ണയില്‍ ഒരു സന്ധ്യാ ദീപം പതിവില്ലാതെ   ആളിക്കത്തി!




17 comments:

  1. മേഡ് ഇന്‍ ചൈനാ...!!

    ReplyDelete
  2. ചൈന നിര്‍മിച്ച ചെടികളില്‍ വിളഞ്ഞ ഇറച്ചിയാകും ലെ. :) സംഗതി നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. ചൈന കോഴി മുട്ടയുടെ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കുന്നു എന്ന് കേട്ടപ്പോഴാണ് ഈ ത്രെഡ് മനസ്സില്‍ വന്നത് ! പക്ഷെ കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ നമ്മുടെ ഈ ജാതി മത വര്‍ഗ്ഗ ഭേദങ്ങള്‍ നമുക്കുള്ളില്‍ വിതച്ചിരിക്കുന്ന ചില വിത്തുകള്‍ കളകളുടെതാണെന്ന വസ്തുത നാം തിരിച്ചരിയെണ്ടതുമാണ്. മനസ്സ് ശുദ്ധമല്ലാതെ, ഒരു വഴിപാടു പോലെ ചെയ്യുന്നതാണ് വിഷ്ണുവിന്‍റെ വ്രതം, ആര്‍ക്കെങ്കിലും വേണ്ടി, ആര്‍ എന്ത് കരുതും എന്ന് കരുതി ജീവിക്കുന്ന ഒരു ജീവിതം നമ്മളില്‍ ഓരോരുത്തരെയും പ്രതിനിധീകരിക്കുന്നു. അനു ആകട്ടെ, പല വിപണന തന്ത്രങ്ങളിലൂടെ നമ്മളെ വശത്താക്കുന്ന വിപണിയെയും അതിന്‍റെ വക്താക്കളായി അവര്‍ക്ക് വേണ്ടി നമ്മളെ ഉപയോഗിക്കുന്ന ഇടനിലക്കാരെയും പ്രതിനിധീകരിക്കുന്നു. അവസാനത്തെ ചോദ്യം ഇതാണ്, ഈ സംസ്കാരം നമുക്ക് വേണോ, അണയുന്നതിനു മുന്പ് ആളിക്കത്തുന്ന വിളക്ക് നമ്മുടെ എല്ലാവരുടെയും ജീവിതം തന്നെ.

      Delete
  3. അതാണ്‌ മോനെ ചൈന, എന്തും കിട്ടും, കോഴിയിലാതെ മുട്ടയും,
    ലതാണ്

    ReplyDelete
  4. ഇതും ഇതിലപ്പുറവും കിട്ടും ...നല്ലൊരു പോസ്റ്റ് ...

    ReplyDelete
  5. ചൈനക്കാരോടാ കളി... നന്നായിട്ടുണ്ട്....

    ReplyDelete
  6. അതാണ്‌ മോനെ ചൈന, എന്തും കിട്ടും, കോഴിയിലാതെ മുട്ടയും, ചെടിയിലാതെ കായയും, എന്തിനേറെ പറയുന്നു നിന്നെത്തന്നെ വേറെ ഒന്ന് വേണം എന്ന് പറഞ്ഞാല്‍ ചൈനക്കാരുണ്ടാക്കിത്തരും, ദാറ്റ്‌ ടൂ, മച്ച് ചീപ്പ

    സത്യം , നല്ല കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി സലിം,ഇതിന്‍റെ ഞാന്‍ മനസ്സില്‍ കരുതിയ അര്‍ഥം കമന്റ്‌ ആയി തന്നെ ഇട്ടിട്ടുണ്ട്.

      Delete
  7. ഹ..ഹാ..വായിച്ചിരുന്നു. കൊള്ളാം ട്ടാ..ആ ബ്രായ്ക്കറ്റിലെഴുതിയിരിക്കുന്നത് ചൈനീസ് തന്നാണോ..

    ReplyDelete
    Replies
    1. അതെ, സംഗതി സത്യം തന്നെ, വായനക്കും അഭിപ്രായത്തിനും നന്ദി!

      Delete
  8. Deeputta Ee Chineese "Meesha" Enganeyanennu Onnu Describe Cheyyamo?????

    ReplyDelete
    Replies
    1. അപ്പൊ മോനെ, നീ ഈ ജാക്കി ചാന്‍ പടങ്ങളൊന്നും കാണാറില്ലേ?

      Delete