അങ്ങനെ ഒരു ദിവസം കൂടി
ജീവിച്ചു തീര്‍ത്തു, രാവിലെ
തുടങ്ങിയ ഓട്ടമാണ്, ഇനിയും
എത്ര കാലം ജീവിക്കണം ഇങ്ങനെ!
ഈ ലോകത്ത് ആകെ ഒറ്റപ്പെട്ട
പോലെ ഒരു തോന്നല്‍,
സ്നേഹിച്ചിട്ടേ ഉള്ളൂ, ദൈവം
തന്ന എല്ലാത്തിനെയും, ഇപ്പോഴും, ഈ അവസ്ഥയെ പോലും!
ഒറ്റ മകളായി, മമ്മിയുടെ തണലില്‍ മാത്രം
വളര്‍ന്ന തനിക്ക് ഒരു ജീവിതം ഉണ്ടാവാന്‍ മമ്മി കൊതിക്കുമ്പോള്‍ മമ്മി ഒന്നും
ആലോചിക്കുന്നില്ല, തന്നെ
കുറിച്ചുപോലും. മരണത്തില്‍ നിന്നും ഒഴിവായിക്കിട്ടാന്‍ അച്ഛന്‍ വെറുതെ
കൊടുത്ത കൈക്കൂലി അച്ഛന്റെ ഒരു ആയുഷ്കാലത്തെ സമ്പാദ്യമായിരുന്നു, ഇപ്പോള്‍ ബാക്കി, ഈ ഫ്ലാറ്റും അതിന്റെ നാലു
ചുമരുകള്‍ക്കുള്ളിലെ സ്വാതന്ത്ര്യവും മാത്രം! അച്ഛന്റെ മരണത്തിന്റെ ഔദാര്യത്തില്‍
കിട്ടിയ ചെറുതെങ്കിലും മാന്യമായ ഒരു ജോലിയുള്ളതു കൊണ്ടാണ് അമ്മയുടെ ചികിത്സയും
ചിലവുകളും പിന്നെ ചില ലോണുകളും അടച്ചു പോകുന്നത്, വിവാഹം
കഴിഞ്ഞാല്‍ മമ്മി എന്ത് ചെയ്യും എന്ന് ആലോചിച്ചു മാത്രമാണ് അങ്ങിനെ ഒരു സാഹസത്തിനു
മുതിരാത്തത്!
രാവിലെ അഞ്ച് മണിക്ക്
തുടങ്ങുന്ന ജീവിതം! ബസ്സില്‍ മാത്രമാണ്, നിന്നെങ്കിലും ഒന്ന്
വിശ്രമിക്കാന്‍ സാധിക്കാറുള്ളത്!
ഓഫീസില്‍ ഓരോ മണിക്കൂറിലും
പുതിയ പുതിയ ജോലികള്‍ തരുന്ന ബോസ്സ്, കുശുകുശുക്കുന്ന , ഗോസ്സിപ്പ് രാജാക്കന്മാരും
റാണികളുമായ സഹപ്രവര്‍ത്തകര്‍, ആകെ ഒരാശ്വാസം വിമല്‍ മാത്രമാണ്, പിന്നെ ചായക്കാരന്‍ മുഹമ്മദും, പക്ഷെ ചായ നല്ലതാണെങ്കിലും
ചില നേരങ്ങളില്‍ അയാളുടെ നോട്ടം വളരെ അസഹനീയമായി തോന്നിയിട്ടുണ്ട്! ഇതെല്ലാം
കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും മമ്മിയുടെ രോദനങ്ങളും കുറ്റം പറച്ചിലുകളും.
എല്ലാറ്റിനും ഒരു അവസാനം വരുത്തിയാലോ എന്ന് പലകുറി ആലോചിച്ചെങ്കിലും പിന്നീട്
മറിച്ചു ചിന്തിക്കേണ്ടി വന്നു.
സമയം രാത്രി 11 മണികഴിഞ്ഞു, മമ്മി ഉറങ്ങിയിരിക്കുന്നു, ഓഫീസില്‍ തീരാത്ത ജോലികള്‍
തീര്‍ന്നു വരുന്നേ ഉള്ളൂ, കണ്ണില്‍
നിന്നും വെള്ളം വരാന്‍ തുടങ്ങി, ഒന്ന് തുടച്ചു നെടുവീര്‍പ്പിട്ടു, പിന്നെ ആലോചിച്ചു, അല്ല പ്രാര്‍ഥിച്ചു "
ദൈവമേ, എല്ലാവരുടെയും
മനസ്സിലെന്തെന്ന് അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ ?"
പിന്നെയും ഒരു ദിവസം!
" മമ്മീ, ബാത്രൂമില്‍ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്, ടേബിളില്‍ ദോശ വച്ചിട്ടുണ്ട്, കുക്കറില്‍ കഞ്ഞിയും, സമയത്തിന് ഭക്ഷണം കഴിക്കണം, ഗുളിക മറക്കണ്ട, ഞാന്‍ ഫോണ്‍ വിളിക്കാം "
" ഈ പെണ്ണ് എന്നാ നന്നായി ഒന്ന് ഒരുങ്ങാന്‍ പഠിക്ക്യാ "
" എന്താപ്പോ ഇതിനൊരു കുറവ്" കുറച്ചമര്‍ഷത്തില്‍ ത്തന്നെ ചോദിച്ചു.
" നിനക്കെന്താ, ഞാന്‍ വല്ലതും പറഞ്ഞോ" മമ്മിക്ക് അത്ഭുതം.
" ഈ പെണ്ണിനിതെന്തു പറ്റി? "
"എനിക്കൊന്നും പറ്റിയില്ല പക്ഷെ താമസിയാതെ പറ്റും"
മമ്മിയുടെ മുഖത്തെ അത്ഭുതം ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി
"ഹായ് സ്നേഹ" അപ്പുറത്തെ ആന്റിയാണ്
" ഇന്നെന്താ വൈകിയത്? " പിന്നെ ആന്റി പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു!
" ഓ ഭാവം കണ്ടാ തോന്നും ജില്ലാ കലക്ടര്‍ ആണെന്ന്!"
പക്ഷെ ആന്റിയുടെ മുഖത്ത് ഒട്ടിച്ചു വെച്ച ചിരി, ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ട് !
പിന്നെയും പലതും കേട്ട് നടന്നു
" എന്നും ഗേറ്റില്‍ കാണുന്ന ഹിന്ദിക്കാരന്‍ യുവാവ് എണീറ്റ് നിന്ന് ബഹുമാനത്തോടെ ഒന്ന് ചിരിച്ചു
" ആജ് ഭി സാലി മാല്‍ ലഗ് രഹീ ഹൈ "
ഉള്ളിലിരുപ്പ് ശബ്ദമായിതന്നെ കേട്ട് ഒന്ന് നടുങ്ങി , ദൈവമേ അങ്ങെന്റെ പ്രാര്‍ത്ഥന ശരിക്കും കേട്ടോ! ഏതായാലും ഒന്ന് പരീക്ഷിക്കാം?
"രാജേന്ദര്‍ , ആജ് ഭി ലഗാ ആപ്കോ?" ഒരു ഞെട്ടലില്‍ അവന്‍ വിളറി വെളുക്ക്ന്നതും തല താഴ്ത്തുന്നതും കണ്ടപ്പോള്‍ ആകെ ത്രില്‍ അടിച്ചുപോയി!
പതിവ് തെറ്റിക്കാതെ സമയം തെറ്റി ഓഫീസില്‍ എത്തുമ്പോള്‍ റിസപ്ഷനില്‍ നില്‍ക്കുന്ന റീത്ത ഒന്ന് പുഞ്ചിരിച്ചു അവളുടെ മനസ്സ് പറഞ്ഞു " ഇന്നും കണക്കിന് കിട്ടും"!
അത്ഭുതങ്ങളുടെ
ഒരു ദിവസം മനസ്സില്‍ കണ്ടു മുന്നോട്ടു നീങ്ങവേ കാതില്‍ പല ശബ്ദങ്ങളും
മുഴങ്ങുന്നുണ്ടായിരുന്നു.
ക്യുബിക്കിലുകള്‍
താണ്ടി നടക്കുമ്പോള്‍ രാഘവും, നിഖിലും എന്നത്തേയും പോലെ നിറം പറഞ്ഞു കളിക്കുകയാണ്( ഇത്
എന്ത് കളിയാണെന്ന് പലപ്പോഴും അല്ഭുതപ്പെട്ടിട്ടുണ്ട് !), മെല്ലെ കുശുകുശുക്കുന്നത്
ഇപ്പോള്‍ ഉറക്കെ കേള്‍ക്കാം, അവരെ കടന്നതും ഒരു പ്രാര്‍ത്ഥന ചെവിയില്‍ മുഴങ്ങി ,"
ദൈവമേ, ഇന്ന് നീല നിറം തന്നെ ആകും, ഇവളുടെ അടിവസ്ത്രമായെങ്കിലും
ജനിച്ചെങ്കില്‍ ! " ശബ്ദം രാഘവിന്റെതാണ്!ചൂളിപ്പോയി, അപ്പോള്‍ ഇതാണ് എന്നും ഇവരുടെ കളി, സഹിക്കാനായില്ല, ഈ ചിരിക്കും കാപട്യത്തിനും പിന്നിലെ വികൃതമായ മുഖം!
" സോറി, രാഘവ്, യു ആര്‍ റോങ്ങ്, ടുഡേ ഇറ്റ് ഈസ് പിങ്ക് ഡേ ! " പുച്ചത്തിനും പിന്നില്‍ ഒരു ചിരി ഒളിപ്പിച്ചു തന്നെ പറഞ്ഞു,
" പാര്ടന്‍ മി മാം?"
" ഐ സെഡ്, ടുഡേ യു ആര്‍ റോങ്ങ് ഡിയര്‍ , അയാം വെയരിംഗ് പിങ്ക് !"
നിഖിലിന്റെ സ്വതേ വെളുത്ത മുഖം ചുവക്കുന്നതും, രാഘവ് വിളറുന്നതും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു.
വിമല്‍ ക്യാബിനില്‍ ഇരുന്നുകൊണ്ട് തന്നെ ചെറുചിരിയോടെ കൈ ഉയര്‍ത്തി കാണിച്ചു , മുഖത്ത് പുഞ്ചിരി, ചെവിയില്‍ മെല്ലെ ഒരു ശബ്ദം മന്ത്രിച്ചു , " ഓ ഗോഡ് , ദി ബിച്ച് ഈസ് ലൂക്കിംഗ് സെക്സിയര്‍ ദാന്‍ എവര്‍ !"
മറുപടിയായി നടുവിരല്‍ താനേ പോന്തിയപ്പോള്‍ അവന്റെ ഞെട്ടല്‍ കണ്ടു , പക്ഷെ തന്റെ ഹൃദയം നുറുങ്ങിയത് അവന്‍ കേട്ടിട്ടുണ്ടാവുമോ?
കാബിനില്‍ കയറി ഇരിക്കുമ്പോള്‍ മനസ്സില്‍ ഒരു നൂറു ചിന്തകളായിരുന്നു, എല്ലാം പൊയ്മുഖങ്ങള്‍ , ചുറ്റും കാപട്യത്തിന്റെ , ചൂഷണത്തിന്റെ, വികൃത മുഖങ്ങള്‍, പക്ഷെ ഒരു കാര്യത്തില്‍ സന്തോഷം തോന്നി, വയ്കിയെങ്കിലും എല്ലാം മനസ്സിലാകാന്‍ ഒരു അവസരം കിട്ടിയല്ലോ!
ചിന്തകളില്‍ നിന്നും ഞെട്ടി എണീപ്പിച്ചു കൊണ്ട് ഫോണ്‍ ശബ്ദിച്ചു, ഇന്റര്‍ കോം ആണ്, ബോസ്സിന്റെ നമ്പര്‍ തെളിഞ്ഞു
" ഗുട്മോര്‍നിംഗ് സര്‍ !"
" സ്നേഹാ, ഹൌ കുട് യു ആക്ട് സൊ ഇറേസ്പോന്സിബ്ല്‍ ? , കം ടു മൈ കാബിന്‍ നൌ "
ഇനി ഇയാളുടെ വായിലുള്ളതും കേള്‍ക്കണം, എന്നും ഒരേ പല്ലവി, എത്ര ജോലി ചെയ്താലും തൃപ്തി വരില്ല, പലപ്പോഴും ഉദ്ദേശം മറ്റു പലതുമാണോ എന്ന് തോന്നിയിട്ടുണ്ട്, എല്ലാ ഓഫീസിലും കേള്‍ക്കുന്ന ഒരു സംസാരമാണ്, ഒരു പെണ്ണിന് മുകളിലേക്കെത്തണമെങ്കില്‍ നല്ലൊരു ശരീരം മാത്രം മതി, പക്ഷെ ഒരു ആണിന് കൂട്ടിക്കൊടുപ്പുകൂടി അറിയണം എന്ന് !
ഏതായാലും ഇന്ന് അറിയാം അയാളുടെ ഉള്ളിലിരിപ്പ്,ആലോചിച്ചപ്പോള്‍ ഒരു തരം ആവേശം വന്നു.
" മെയ്
ഐ കമിന്‍ സര്‍ ?"" ഈ പെണ്ണി നെക്കൊണ്ട് ഞാന്‍ തോറ്റു , എത്ര പറഞ്ഞിട്ടും ഒരു കാര്യവുമില്ല "
തല പൊന്തിച്ചു നോക്കിയതും കാതില്‍ മനോഗതം മുഴങ്ങി.
" കം ഇന്‍ ! "
" ഇവളുടെ അച്ഛന്റെ നൂറിലൊരംശം പോലും ആത്മാര്‍ഥത ഇല്ല, വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ....! പറഞ്ഞിട്ടന്തു കാര്യം, ഈ ചെറിയ പ്രായത്തില്‍ ഇത്രയും വലിയൊരു റസ്പോന്സിബിളിറ്റി, സാരമില്ല, എല്ലാം ശരിയായേക്കും!"
" വേര്‍ ആര്‍ ദോസ് ഫയല്‍സ് വിച്ച് ഐ ടോള്‍ഡ് യു ടു മേക് റെഡി ബൈ മോര്‍ണിംഗ്?, ഐ ഡോണ്ട് നീഡ് ദിസ് യു നോ? ഐ കാന്‍ നോട്ട് ടോളറേറ്റ് ദിസ് യൂസ്ലെസ്സ് ബിഹേവിയര്‍ , യു ട്രൈ ടു ആക്ട് ലൈക് ദിസ് അഗൈന്‍ , ഐ വില്‍ ഫയര്‍ യു, നൌ, ഗെറ്റ് ലോസ്റ്റ് ആന്‍ഡ് ഐ വാണ്ട് ദോസ് ഫയല്‍സ് ഇന്‍ ഹാഫ് ആന്‍ അവര്‍ "
കാബിനില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു, ആ നല്ല മനുഷ്യന്റെ മനസ്സ് കാണാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടവും.
സത്യത്തില്‍ മറന്നു പോയതായിരുന്നു, രാവിലെ മുതല്‍ എല്ലാം അല്ഭുതങ്ങളല്ലേ സംഭവിക്കുന്നത് ! ഇന്നലെ രാത്രി മുഴുവന്‍ ഇരുന്നു കംബ്ലീറ്റ് ചെയ്തതാണ് ഫയലുകള്‍
"ചായ", ചിന്തകളില്‍ നിന്നും മുഹമ്മദിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്, ഓഫീസില്‍ എന്നും വരുന്ന ഏറ്റവും സര്‍വീസ് ഉള്ള ആളാണ് മുഹമ്മദ് എന്ന് കളിയായി എല്ലാവരും പറയും, കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇവിടെ ചായ കൊണ്ടുവരുന്നത് മുഹമ്മദ് ആണ്, ആരോടും അധികം മിണ്ടില്ല, പക്ഷെ തുറിച്ചുള്ള നോട്ടം അസഹനീയം തന്നെ!!
" പാവം ഇന്നും കരച്ചില്‍ തന്നെ,എങ്ങനെയെങ്കിലും ഈ കുഞ്ഞിന്റെ വിവാഹം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍, തോമസ് സര്‍ മരിച്ചത് എത്ര വലിയ ഭാരം എല്പിച്ചാണ് ! എല്ലാം ഒന്ന് നന്നായി കാണുന്നത് എന്നാണ് റബ്ബേ! "
മനോഗതം കേട്ട് തലയുയര്‍ത്തിയപ്പോള്‍ മുന്നില്‍ മുഹമ്മദ്, തുറിച്ച നോട്ടം ഇപ്പോഴും മുഖത്തുണ്ട്, പക്ഷെ എന്തോ, ആ മുഖത്തെ നിര്‍വികാരതക്കുള്ളിലും ഒരു നല്ല മനുഷ്യനെ കാണാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ടായിരുന്നു.
" വാട്ട് ഹാപ്പെണ്ട് ഡിയര്‍ ? " ബിമല്‍ ആണ്
" പ്ലീസ് ലീവ് മി എലോണ്‍ ബിമല്‍, ഇറ്റ് ഈസ് ഓവര്‍ ബിട്വീന്‍ അസ് "
" അല്ലെങ്കില്‍ ആര്‍ക്ക് വേണം നിന്ടെ പ്രേമോം മണ്ണംകട്ടേം, ഒരു വട്ടം നിന്നെ ഞാന്‍ അനുഭവിക്കും, പിന്നെ നീ വെറും ഒരു അക്കം മാത്രം! "
" എന്ത് പറ്റി, നിനക്ക്, യു ഡോണ്ട് സീം നോര്‍മല്‍, എവെരിതിംഗ് ഓള്‍ റൈറ്റ് അറ്റ് ഹോം?"
"വേണ്ട ബിമല്‍ , നിന്ടെ കാമാപ്രാന്തിന്റെ ഒരു എണ്ണം ആകാന്‍ എനിക്ക് താല്പര്യമില്ല, ഫോര്‍ഗെറ്റ് വീ ഹാഡ് എനി തിംഗ് ഗോയിംഗ് ബിട്വീന്‍ അസ്, നെക്സ്റ്റ് ടൈം യു ബോതെര്‍ മി , യു വില്‍ ഹാവ് ഇറ്റ് ! "
" യു ഫില്തി ബീച്ച്!"
" ഗോ ഹോം ആന്‍ഡ് കാള്‍ യുവര്‍ മോം യു മോരോണ്‍ !" മനസ്സിന്റെ മറുപടി ശബ്ദമായി പുറത്തുവന്നപ്പോള്‍, ബിമല്‍ സ്തബ്ദനായി ഒരു നിമിഷം നിന്ന്, പിന്നെ അപമാനിതനായി പുറത്തേക്ക് പോയി.
ഒരു നിമിഷം പൊട്ടിക്കരയാന്‍ തോന്നി, പക്ഷെ നാലഞ്ചു തുള്ളിയില്‍ ഒതുക്കി, ഫയലുകളിലേക്ക് ഊളിയിട്ടിറങ്ങി.
" ബ്രില്ല്യന്‍ട് " ബോസ്സിന്റെ ശബ്ദം മനസ്സില്‍ നിന്നായിരുന്നു, പുറത്ത് ഒരു ചിരിപോലും വന്നില്ല!
" ഓക്കേ , ന്വ പ്ലീസ് പ്രോസസ്സ് ദി ഫിനാന്‍ഷ്യല്‍ ഇമ്പ്ളികേഷന്‍സ് ഫോര്‍ ദി ന്യൂ പ്രൊജക്റ്റ് വി ഹാവ് ടേകന്‍ അപ്പ് "
" ഐ വാണ്ട് ഇറ്റ് ആസ് ദി ഫസ്റ്റ് തിംഗ് ഓണ്‍ മൈ ടേബിള്‍ ഓണ്‍ സാറ്റര്‍ഡേ"
ദിവസത്തിന്റെ രണ്ടാം ഭാഗം വളരെ ഭേദപ്പെട്ടതായിരുന്നു
ലഞ്ച് റൂമില്‍ ടിഫ്ഫിന്‍ ബോക്സിനു മുന്‍പില്‍ ഇരിക്കുമ്പോഴാണ് രാഘവ് പതുങ്ങി പതുങ്ങി അടുത്ത് വന്നത്, ഓഫീസിലെ ഏറ്റവും എനെര്‍ജെടിക് ആയ സ്റ്റാഫ് , എന്ത് ജോലിയും വളരെ വൃത്തിയായി ചെയ്യുന്നവന്‍, പുതിയ ഒരു സ്ടാഫ് വന്നാല്‍ ട്രെയിനിങ്ങിനായി അവന്റെ കൂടെയാണ് അറ്റാച്ച് ചെയ്യാറ് , രസികന്‍, ആളുകളെ കയ്യിലെടുക്കാന്‍ മിടുക്കന്‍ , പക്ഷെ ഇന്ന് എല്ലാ ഗുണങ്ങളും ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല , ഇത്ര മോശമായി ചിന്തിക്കുമെന്ന് മനസ്സില്‍ പോലും കരുതിയില്ല!
" ഇന്നെന്താ സ്പെഷ്യല്‍ മാം? "
" പ്ലീസ് ഗെട് ലോസ്റ്റ് രാഘവ്, ഐ ഒള്വയ്സ് തോട്ട് യു ടു ബി എ നൈസ് ഗയ് , ബട്ട് ടുഡേ യു ലെറ്റ് മി ഡൌണ്‍ "
രാഘവിന്റെ മുഖം ചുകന്നു, തല താഴ്ന്നു, പിന്നെ മെല്ലെ പറഞ്ഞു "ഐ അം സോറി മാം, വോന്റ്റ് ഹാപ്പെന്‍ അഗൈന്‍ "
ഭാഗ്യം,ലഞ്ച് റൂമില്‍ വേറെ ആരും ഇല്ലായിരുന്നു അല്ലെങ്കില്‍ പിന്നെ ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ വന്നേനെ.
രാഘവിനോട്, എന്തോ വലിയ ദേഷ്യമൊന്നും തോന്നിയില്ല, അതിലും വലുതല്ലേ ബിമല്‍ ചെയ്തത് , ആ ബാസ്റ്റഡിന് ക്ഷമ ചോദിക്കാന്‍ പോലും തോന്നിയില്ലല്ലോ!
പിന്നെയും പലതും കേട്ടും കണ്ടും ആ ദിവസവും കടന്നു പോയി, തിക്കിത്തിരക്കി ബസ്സിറങ്ങി നടന്നു വീട്ടിലെത്തിയപ്പോഴേക്കും ഒരു നൂറു ശബ്ദങ്ങള്‍ പിന്നെയും കേട്ടു പക്ഷെ ഒന്നും ശ്രദ്ധിച്ചില്ല, സം ടൈംസ് ഇഗ്നോരന്‍സ് ഈസ് എ ബ്ലിസ് എന്ന് മനസ്സിലോര്‍ത്തു.
വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു, മമ്മി പതിവുപോലെ മോളി ആന്റിയുടെ കൂടെ നടക്കാന്‍ പോയിരിക്കും, വീട് തുറന്നു അകത്തു കടന്ന് പെട്ടന്ന് തന്നെ കുളിച്ചു വസ്ത്രം മാറി
പിന്നെ തിരു രൂപത്തിന് മുന്‍പില്‍ ഒരു മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചു !
" ദൈവമേ, നന്ദി, അങ്ങയുടെ നീതി ഞാന്‍ ഇന്ന് മനസ്സിലാക്കുന്നു, ഈ സമ്മാനം അങ്ങ് തിരിച്ചെടുത്താലും"
പ്രാര്‍ത്ഥന കഴിഞ്ഞ് തലയുയര്‍ത്തിയപ്പോള്‍ ഉണ്ണിയേശുവിന്റെ മുഖം തന്നെ നോക്കി ചിരിക്കുന്നതായി തോന്നി !
മമ്മി വന്നപ്പോള്‍ ആ മുഖത്തേക്ക് ആകാംഷയോടെ നോക്കി, മമ്മി ചിരിച്ചു, മനസ്സില്‍ എന്ത് പറഞ്ഞു ആവോ??